Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്കായി ഇന്ന് വീണ്ടും ശബരിമലയിലേക്ക്. ഉച്ചയ്ക്ക് പമ്പയിൽ എത്തുന്ന എസ്ഐടി സംഘം അവലോകന യോഗത്തിനുശേഷം സന്നിധാനത്ത് എത്തും.
തുടർന്ന് ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകൾ ശേഖരിക്കുക. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്. മാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരമാണ് നട തുറക്കുക.
മുമ്പ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. സ്വർണക്കൊള്ള കേസിലെ കുറ്റപത്രം അടക്കം തയാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.
എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.
ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന മുൻ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായ എൻ.വാസു ജയിൽ മോചിതനായേക്കും. വാസു സമർപ്പിച്ച ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം തേടിയാണ് എൻ. വാസു കോടതിയെ സമീപിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ എൻ. വാസുവിന് ജാമ്യം ലഭിക്കാനാണ് സാധ്യത. വിവേചനം കാണിക്കാൻ സാധിക്കില്ലെന്നും ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയുമെന്നും ഇന്നലെ ഹര്‍ജി പരിഗണിച്ച വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.
കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പേർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പോറ്റി ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജിയിലെ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു.
ഈ മാസം 18ന് കേസിൽ വിധി പറയും. മുൻ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Kerala
ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് നൽകിയിരുന്നു. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജയറാമിന് സമൻസ് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയറാമുമായി ഇഡി ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ജയറാമിന്റെ സൗകര്യം കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യൽ.
സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതി പട്ടിക കൂടാതെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ മാത്രമാണ് എസ്ഐടിയുടെ പ്രതി പട്ടികയിലുള്ളത്.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിലെത്തിച്ച് പൂജ നടത്തിയതിന്റെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ജയറാം ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ് നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം.
കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും പ്രതിഭാഗം വാദിച്ചു.
ഗൂഢാലോചനയിൽ ഉൾപ്പെടെ തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് എസ്ഐടി അറിയിച്ചു. ദ്വാരപാലക കേസിൽ രണ്ട് പേരെയും, കട്ടിളപ്പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.
എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന് ആരോപിച്ചു.
ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ്എസ്സിയില് നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്നും പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നുമാണ് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പരിശോധനാഫലം ശനിയാഴ്ച ഹൈക്കോടതിക്ക് കൈമാറും.
ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം വട്ട പരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വീണ്ടും എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തി അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ.
പോറ്റിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നപ്പോൾ തന്നെ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോറ്റിയും കേസിലെ മറ്റൊരു പ്രതി ഗോവർധനനും ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടപ്പോഴുള്ള ഫോട്ടോയിലും അടൂർ പ്രകാശും ആന്റോ ആന്റണിയുമുണ്ട്.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. കേസിൽ എസ്ഐടി ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടുർ പ്രകാശ്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു.
സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. മോഷണ സ്വർണം കൈമാറ്റം ചെയ്തതിൽ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലാണ് ഇപ്പോൾ വ്യക്തത തേടുന്നത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സമൻസ് നൽകും. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുമെന്നാണ് വിവരം.
പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചിരുന്നു. തിരുവനന്തപുരത്ത് ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി വാങ്ങിയതിന്റെ രേഖകളും ഇഡി കണ്ടെടുത്തിരുന്നു. 2017 മുതൽ 2025 വരെയുള്ള പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ഇഡി പരിശോധിച്ചത്.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും. ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ച ജയിൽ മോചിതനായത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കട്ടിളപ്പാളി കേസിൽ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പോറ്റിക്ക് കോടതി ജാമ്യം നൽകുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ജാമ്യം നേടി പോറ്റി പുറത്തിറങ്ങിയാൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി.
കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്നത്. എന്നാൽ ഇന്ന് പോറ്റിക്ക് ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ ഇഡി സമൻസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള സമൻസ് ഇഡി ഉദ്യോഗസ്ഥർ തയാറാക്കി വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബുധനാഴ്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
തൃശൂർ: യഥാർഥ മതവിശ്വാസികളെ ബഹുമാനിക്കുമെന്നും ന്യൂനപക്ഷ, ഭൂരിപക്ഷ മതസ്ഥാപനങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മതവും മതതീവ്രവാദവും രണ്ടാണ്. മതത്തെ ബഹുമാനിക്കുന്പോൾ, മതതീവ്രവാദത്തോടു ലവലേശം സന്ധിചെയ്യില്ല. ശബരിമലയിലെ ഒരുതരി സ്വർണം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെടാത്തത്. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ, യുഡിഎഫിന് അങ്ങിനെ പറയാനാകുമോയോന്നും ബിനോയ് വിശ്വം ചോദിച്ചു.
ഞങ്ങൾ ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നവരല്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, പന്തളം നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചത്. അടുത്ത ഭരണവും എൽഡിഎഫിന്റേതായിരിക്കുമെന്നതിൽ ഞങ്ങൾക്കു ലവലേശം സംശയമില്ല. ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന രാഷ്ട്രീയ ചേരി എൽഡിഎഫാണ്.
എൻഡിഎ കേരളത്തോടു കാണിക്കുന്ന സാന്പത്തിക വിരോധത്തോട് വീറുവാശിയും എൽഡിഎഫ് കാണിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം മൂത്ത ബിജെപി ഗവൺമെന്റ് എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല. ഇത് ഭരണഘടനാലംഘനമാണ്. കേരളം ഇന്ത്യയിൽ എവിടെയാണെന്നു ഗൗരവമായി ചിന്തിക്കാൻ കേന്ദ്ര ബജറ്റ് ആവശ്യപ്പെടുന്നു. ബിജെപിക്ക് ഭരണഘടനാ പ്രമാണങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റമായാണു കേരളം വിഴിഞ്ഞത്തെ കാണുന്നത്. അതുമായി മറ്റു ഭാഗങ്ങളിലേക്കു കണക്റ്റിവിറ്റി ഉണ്ടാക്കാൻ പദ്ധതി വേണം. അതിനെപ്പറ്റി ബജറ്റിൽ പരാമർശമില്ല. 45 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നിട്ടും യുവശക്തി ബജറ്റ് എന്നു ബിജെപി വിശേഷിപ്പിക്കുന്ന കേന്ദ്രബജറ്റിൽ യുവാക്കൾക്കായി ഒന്നുമില്ല. കർഷകരെയും തൊഴിലാളികളെയും ഒറ്റപ്പെടുത്തുന്ന ബജറ്റാണിത്.
ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുതെന്ന്
ട്രംപ് പറയുന്നത് അനുസരിക്കുന്നതാണ് ബിജെപിയുടെ നയം. ബിജെപി ഇന്ത്യയെ ട്രംപിനു പണയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യക്കാർക്കുമാത്രമേ ഇന്ത്യയെക്കുറിച്ചു പറയാൻ അവകാശമുള്ളൂവെന്ന് ഇടതുപക്ഷം ഉറപ്പിച്ചുപറയുന്നു.
മേലാൽ ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുത്. ചൈനയില്‍നിന്നോ വെനിസ്വേലയിൽനിന്നോ, എണ്ണ എവിടെനിന്നു വാങ്ങണമെന്ന് ഇന്ത്യക്കറിയാമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഗാന്ധി പഠിപ്പിച്ച സ്വരാജ് എൽഡിഎഫ് പ്രാവർത്തികമാക്കി. ജനങ്ങൾക്കു ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യരംഗത്തു മികച്ചസേവനം എന്നിവ എൽഡിഎഫ് നല്കി. യുഡിഎഫ് പറഞ്ഞത് സാന്പത്തിക നഷ്ടമുള്ള സ്കൂളുകൾ പൂട്ടണമെന്നാണ്. എന്നിട്ടാണ് ഭരണത്തിൽവന്നാൽ കാണുന്നതെല്ലാം പൊന്നാക്കാമെന്ന് അവർ പറയുന്നതെന്നു ബിനോയ് വിശ്വം പരിഹസിച്ചു. യുഡിഎഫും എൻഡിഎയും ഒളിഞ്ഞും തെളിഞ്ഞും കൈകോർക്കുമെന്ന് എൽഡിഎഫിനറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പത്രസമ്മേളനത്തിൽ എൽഡിഎഫ് തെക്കൻമേഖലാ ജാഥ മാനേജര്‍ എം. സ്വരാജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത തുടങ്ങിയവരും പങ്കെടുത്തു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചു. 2019- 25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍വര്‍ധന ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
2021ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇഡി പറയുന്നു. മുരാരി ബാബു കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇയാളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പപാളിയിലെയും സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രതിയായ എസ്. ശ്രീകുമാറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ജാമ്യത്തില്‍ ഉള്ള പ്രതികള്‍ക്ക് പുറമെ ചില സാക്ഷികളെയും ഇഡി വിളിച്ചുവരുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്
ഇഡി ചോദ്യം ചെയ്ത മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നല്‍കിയത്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് മുരാരി ബാബുവിനെ വിട്ടയച്ചത്. സ്വര്‍ണകൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡി അനുമാനം.
അന്വേഷണം കൂടുതല്‍ പേരിലേക്ക്
അതേസമയം കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം സ്വര്‍ണം കട്ടതിന് സോണിയാഗാന്ധിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
സ്വര്‍ണം കട്ട പ്രതികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം പുറത്തേക്കുവരാന്‍ പോകുകയാണ്. 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം എസ്ഐടി നല്കിയിരുന്നുവെങ്കില് പ്രതികള്‍ക്ക് ജാമ്യം കിട്ടില്ലായിരുന്നു.
എസ്ഐടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് കേസ് അട്ടിമറിക്കുകയാണ്. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം അട്ടിമറിച്ചു. സ്വര്‍ണക്കവര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുകയാണ്. തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താന്‍ എസ്ഐടിക്ക് സാധിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം കാരണമാണ്.
സ്വര്‍ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് പുറത്തുവരണം. ഉന്നതര്‍ പിടിയിലാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു.
മുഖ്യമന്ത്രിയെ ന്യായികരിക്കുന്ന നിലപാടാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സഭ ബഹിഷ്കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങള് തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം.
സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ്എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും. സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുജ്ഞയും വാങ്ങേണ്ടിവരും.
ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. പാളികളിൽ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.
ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.
പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം കാര്യക്ഷമമാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടാൻ എസ്ഐടി. രണ്ട് അംഗങ്ങളുടെ പാനൽ എസ്ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷൽ ജിപി എ. രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.
കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം.
കട്ടിള പാളി ദ്വാരപാലക പാളി കേസുകളിൽ പ്രത്യേകം പ്രത്യേകം സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ന് എസ്ഐടി ഓഫീസിൽ വച്ചാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തത്.
സ്വർണക്കൊള്ളയിൽ പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകൾ എസ്ഐടിക്ക് ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം.
കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കഴിഞ്ഞമാസം രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദ്വാരപാലക ശില്പം സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും കൃത്യമായ ഉത്തരം നൽകിയെന്നും അന്നത്തെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രശാന്ത് പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയും തിരുവിതാംകൂർ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേസിലെ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യൽ.
മുരാരി അടക്കമുള്ളവരുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത രണ്ടും കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് അദ്ദേഹം എസ്ഐടിക്ക് മൊഴി നൽകി. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും മൊഴിയിൽ പറയുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്.
അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള സൗഹൃദ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഇരുമുന്നണികളെയും വെട്ടിലാക്കി.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം രാജു ഏബ്രഹാം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് യുഡിഎഫിനെ വെട്ടിലാക്കിയത്.
അടൂര്‍ പ്രകാശിനെ പോറ്റിയെ നേരത്തെ അറിയാമെന്നതും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതില്‍ ഇടനിലക്കാരനായെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളായിരുന്നു. എന്നാല്‍ പോറ്റിയെ വീട്ടില്‍ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ സ്വീകരിക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.
വോട്ടറെന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്. അടൂര്‍ പ്രകാശ് പുളിമാത്തെ പോറ്റിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം അയല്‍വാസി നടത്തുകയും ചെയ്തതാണ്.
സ്വര്‍ണക്കൊള്ളയില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പോറ്റിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
പോറ്റിയുടെ വീട്ടില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനൊപ്പം അന്ന് എംഎല്‍എയായിരുന്ന രാജു പോയത് അവിടെ ഒരു ചടങ്ങിനായിരുന്നുവെന്നു പറയുന്നു. എന്നാല്‍ ചിത്രങ്ങള്‍ സിപിഎമ്മിലെ കടുത്ത പ്രതിരോധത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനഘടകമായെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകാത്തത് തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന നേതൃത്വം അനുമതി നല്കിയാല് പത്മകുമാറിനെതിരേ നടപടിയെടുക്കുമെന്ന രാജു ഏബ്രഹാമും പറഞ്ഞിരുന്നു.
ഇതിനിടെയാണ് കടംപള്ളി സുരേന്ദ്രനൊപ്പം എംഎല്‍എയായിരിക്കേ രാജു ഏബ്രഹാം പോറ്റിയുടെ വീട്ടില്‍ സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന ഒപ്പം ഇരുവരുംനില്‍ക്കുന്ന ദൃശ്യങ്ങളുമുണ്ട്.
അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും രാജു ഏബ്രഹാം റാന്നി എംഎല്‍എയുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി തന്നെ പോറ്റിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത് പാര്‍ട്ടിയിലും ചര്‍ച്ചയാകുന്നുണ്ട്.
അതിനിടെ, രാജു ഏബ്രഹാം നല്കിയ വിശദീകരണത്തിലും അവ്യക്തതകളുണ്ട്. ചിത്രം പുറത്തു വന്നതു സംബന്ധിച്ച് അറിഞ്ഞെങ്കിലും സംഭവം ഓര്‍മയില്ലെന്നായിരുന്നു രാജു ഏബ്രഹാമിന്റെ വിശദീകരണം. ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ മുഖം ഓര്‍മയുണ്ടെങ്കിലും ചടങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കണ്ടുപരിചയമുണ്ടെന്നും രാജു പറഞ്ഞു. അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നുമായിരുന്നു മറ്റൊരു വിശദീകരണം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിന്നാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.
അതേസമയം, മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളിൽ നാളെ വിധി പറയും.
National
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് വാസു അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഈ കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കര്‍ ദാസിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള അതേ നിരീക്ഷണങ്ങള്‍ പിന്തുടര്ന്നാണ് ജസ്റ്റീസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് എൻ. വാസുവിന്റെ ഹർജിയും തള്ളിയത്. ദൈവത്തെപ്പോലും വെറുതെ വിട്ടില്ലെന്നുള്ള നീരീക്ഷണങ്ങളും കോടതി ആവര്‍ത്തിച്ചു.
കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും തെളിവുശേഖരണവും മറ്റ് നടപടികളും നടന്നു കഴിഞ്ഞതിനാല്‍ ഇനി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നുമായിരുന്നു എന്‍. വാസുവിന്റെ വാദം.
തന്റെ പ്രായവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ വാദം കേൾക്കാന്‍ പോലും തയാറാകാതെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
കേസിലെ മറ്റ് പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി എസ്ഐടി ശബരിമലയിലെ കണക്കെടുപ്പ് തുടരുന്നു.
ശ്രീകോവിലിന്റെ പഴയ വാതില്‍പ്പാളികളും പഴയ കൊടിമരത്തിനന്റെ പഞ്ചവര്‍ഗ തറയിലെ അഷ്ടദിക്പാലകരുടെ ശില്പങ്ങളും സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചു. സന്നിധാനത്തെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന കട്ടിളകള്‍ തൂക്കി നോക്കി.
വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയിട്ടുള്ള ഈ കട്ടിള പടിക്ക് 38 കിലോയും കട്ടിളയ്ക്ക് 64 കിലോയും തൂക്കമുണ്ടെന്ന് കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍പ്പാളികളുടെ സാമ്പിള്‍ ശേഖരിച്ചു. മോഷണ സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവര്ധന് ഭണ്ഡാരി, ഉണ്ണികൃഷ്ണന് പോറ്റി മുഖേന ശബരിമലയില്‍ സമര്‍പ്പിച്ചതായി പറയുന്ന സ്വര്‍ണമാലയും കണ്ടെടുത്ത് പരിശോധിച്ചു..
തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എസ്ഐടി തലവന്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലണ് പരിശോധനകള്‍ നടന്നത്. എസ്ഐടിയുടെ ഒരു സംഘം മലയിറങ്ങിയെങ്കിലും മറ്റൊരു സംഘം സന്നിധാനത്ത് തങ്ങി പരിശോധന തുടരുകയാണ്.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭ സമ്മേളനം തുടരുന്നതിനിടെ ഇന്ന് സഭയിൽ ഭരണ-പ്രതിപക്ഷ പോരിന് സാധ്യത. ശബരിമല സ്വർണക്കൊള്ള വിഷയമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കുക.
സ്വർണക്കൊള്ള അടിയന്തര പ്രമേയ നോട്ടീസ് ആയി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. കേസിൽ ജയിലിൽ തുടരുന്നവരുടെ സിപിഎം ബന്ധം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. ഇതുകൂടാതെ കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും സിപിഎമ്മിന് സഭയിൽ തിരിച്ചടിയാകും.
ഉണ്ണികൃഷ്ണൻ പോറ്റി-സോണിയ ഗാന്ധി കൂടിക്കാഴ്ചയുടെ ചിത്രവും വാജി വാഹന കൈമാറ്റവും ഭരണ പക്ഷം ഉന്നയിച്ചേക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ ആരംഭിക്കുന്ന ഒൻപത് മണി മുതൽ ഭരണ-പ്രതിപക്ഷ പോരിനാണ് സാധ്യത.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും. അതേസമയം മുൻ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഭരണപരമായ തീരുമാനമെടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നുമായിരുന്നു പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു . കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നും സന്നിധാനത്ത് പരിശോധന നടത്തും. ചൊവ്വാഴ്ച പുറത്തെടുത്ത് പരിശോധിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും.
പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ സംബന്ധിച്ചും പരിശോധന ഉണ്ടാകും. അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികൾ ആണ് പ്രധാനമായും പരിശോധിക്കുന്നത്.
ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ നിർണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലകശില്പ കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
Kerala
കൊച്ചി: അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പദ്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പദ്മകുമാറിന് പുറമെ കേസിൽ പ്രതികളായ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക.
കേസിൽ തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നുമാണ് പ്രതികളുടെ വാദം. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ മോഷ്ടിച്ച കേസിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ഇയാൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എന്നാൽ സ്വർണക്കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാൻ കഴിയില്ല.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നു.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ, എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്, എൻ. വാസുവിന്റെ വീട്, സ്വർണവ്യാപാരി ഗോവർധന്റെ ബെല്ലാരിയിലെ വീട്, ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ്, മുരാരി ബാബുവിന്റെ കോട്ടയത്തെ വീട് എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
രാവിലെ ഏഴോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ ഇടങ്ങളിലായി പരിശോധന ആരംഭിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജി.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പോറ്റി നൽകിയ ജാമ്യഹർജികൾ വിജിലൻസ് കോടതി തള്ളിയിരുന്നു.
മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ്ഐടിയുടെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. അന്വേഷണ സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കുണ്ട്. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്സര് ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയിരിക്കുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. അന്വേഷണ സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കുണ്ട്. എസ്പി ശശിധരന്റെ നേതൃത്വത്തിലാകും പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്സര് ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയിരിക്കുന്നത്.
ഇതോടൊപ്പം പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്നും പരിശോധിക്കും. ദ്വാരപാലക ശിൽപങ്ങൾ എവിടെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.കൊടിമരം മാറ്റം കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പരിശോധന.
തിങ്കളാഴ്ച രാത്രി തന്നെ പരിശോധന നടത്തുന്നതിനായി സംഘം ശബരിമലയിലെത്തി. ദ്വാരപലക-കട്ടിളപാളികളിൽ നിന്നും സംഘം കൂടുതൽ സാമ്പിളുകൾ ഇന്ന് ശേഖരിക്കില്ല. വിഎസ്എസ്സിയിലെ വിദഗ്ദരുമായുള്ള ചർച്ചയ്ക്കുശേഷമായിരിക്കും കൂടുതൽ പരിശോധനകൾ.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ (വിക്രം സാരാഭായി സ്പേസ് സെന്ററിൽ) വിഎസ്എസ് സി യില്‍ നടത്തിയ ഫോറന്‍സിക് പരിശോധന ഫലം കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവാകും. ഫോറന്‍സിക് പരിശോധന ഫലം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുദ്ര വച്ച കവറില്‍ എഫ്എസ്എല് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ജഡ്ജി പരിശോധിച്ച ശേഷം ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്ഐടി യും ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ പാളി എന്നിവ മാറ്റിയിട്ടുണ്ടോ ഒറിജിനലാണോ എത്ര അളവില്‍ സ്വര്‍ണം അതില്‍ നിന്നും മാറ്റിയെന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ സ്ഥിരീകരണമാകും. പതിനഞ്ച് സാംപിളുകളാണ് കട്ടിളപ്പാളിയില്‍ നിന്നും ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ചത്.
കുടുതല്‍ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും അറസ്റ്റിന്റെ കാര്യത്തിലും എഫ്എസ്എല് റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാകും. പാളികള്‍ മാറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അന്വേഷണം കുടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടി വരും. പാളികള്‍ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സിബിഐ അന്വേഷണത്തിന് വഴിതുറക്കാനുള്ള സാധ്യത വളരെ കുടുതലാണ്.
സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ സിബിഐ അന്വേഷണത്തെ എസ്ഐടിയും സംസ്ഥാന സര്‍ക്കാരും നേരത്തെ എതിര്‍ത്തിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കുറ്റപത്രം അന്വേഷണ സംഘം ഇതുവരെക്കും തയാറാക്കിയിട്ടില്ല.
എഫ്എസ് എല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടേ കുറ്റപത്രം തയാറാക്കാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു എസ്ഐടിയുടെ നിലപാട്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് നിയമാനുസൃതം ജാമ്യം കിട്ടാനുള്ള അവസരവും ഉണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ. ബുധനാഴ്ച എസ്ഐടി ശങ്കരദാസ് ചികിത്സയിൽ തുടരുന്ന ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെയായിരിക്കും തീരുമാനമുണ്ടാകുക.
ശങ്കരദാസിന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതിൽ തീരുമാനമെടുക്കും. സെന്‍ട്രൽ ജയിലിലെ ഡോക്ടര്‍മാരും മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരും പരിശോധനയ്ക്കുണ്ടാകും.
തുടർന്നാകും റിമാന്‍ഡിലായ ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തീരുമാനമെടുക്കുക. ശബരിമല സ്വർണക്കൊള്ള കേസിലെ 11ാം പ്രതിയാണ് ശങ്കരദാസ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ 11-ാം പ്രതി കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും.
തുടർന്ന് ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. ശശിധരൻ ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ പ്രോസ്റ്റിക്യൂട്ടർ വഴി അറസ്റ്റ് വിവരം കോടതിയെ അറിയിച്ചിരുന്നു.
കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകിയതിൽ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖില തന്ത്രി പ്രചാരക് സഭാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിൽത്തന്നെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്.
നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം. ഇപ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്തു. എന്നാൽ, ഈ കേസിൽ ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. കടകംപള്ളി സുരേന്ദ്രനും ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എന്തുകൊണ്ടാണ് നിയമനടപടിക്ക് പുറത്തുനിൽക്കുന്നത്. സിപിഎം നേതാക്കളെ സംരക്ഷിക്കാൻ വലിയ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സംശയിക്കുന്നു.
ശബരിമലയിൽനിന്ന് കവർച്ച ചെയ്യപ്പെട്ട സ്വർണം എവിടെയെത്തി, ആരുടെ കൈവശമുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. മകരവിളക്ക് സമയത്ത് തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ആചാരലംഘനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി അഖില തന്ത്രി പ്രചാരക് സഭാ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ്, നീലമന വിഷ്ണു നമ്പൂതിരി, രഘുനാഥ് എന്നിവർ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി എസ്ഐടിയെ വിമർശിച്ചത്.
കേസിൽ പ്രതിചേർത്ത ദിവസം മുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും പറഞ്ഞ കോടതി അതാണ് ആശുപത്രിയിൽ പോയതെന്നും വിമർശിച്ചു. ജസ്റ്റിസ് ബദ്റുദീൻ ആണ് എസ്ഐടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
കേസിൽ സ്വർണ വ്യാപാരി ഗോവര്ധൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.
കേസിൽ പ്രതിയായ കെ.പി. ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ ഉൾപ്പെടെ ഇന്ന് പുറത്തുവന്നിരുന്നു. ഗോവര്ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. ജാമ്യ ഹര്‍ജിയിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
ശ്രീകോവിലിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മിനുട്സിൽ പദ്മകുമാർ മനപൂർവം തിരുത്തലുകൾ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കട്ടിളപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിൻരെ വാദം തെറ്റാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് പോലീസ് വാദം.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ പ്രതികൾ തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം വെളിപ്പെടുത്തി. ഗോവർധനും കേസിലെ മറ്റൊരു പ്രതിയായ പോറ്റിയും ഉൾപ്പെടെയുള്ളവർ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയതായാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷ്ണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിൽ പറയുന്നത്.
മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്.
ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെയും വ്യവസായി ഗോവർധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദീൻ ആണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. കേസിൽ എ. പത്മകുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്.
പത്മകുമാർ നൽകിയ മൊഴിയും എസ്ഐടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുധ്യമുണ്ടെന്നും എസ്ഐടിയുടെ സത്യവാംഗ്മൂലത്തിൽ പറയുന്നു. ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിൽ ബുധനാഴ്ച വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യം നിഷേധിച്ചിരുന്നു.
ഗൂഢാലോചനയിൽ മുഖ്യപങ്കാളിയായ എ. പത്മകുമാറിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീംകോടതിയെ സമീപിച്ച ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് തിരിച്ചടി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് കേസിനെക്കുറിച്ച് സുപ്രീംകോടതി വിമർശനവും ഉന്നയിച്ചു.
സ്വർണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്വമുണ്ടെന്നു നിരീക്ഷിച്ച പരമോന്നതകോടതി ശബരിമലയിൽ നടന്നത് വലിയ ക്രമക്കേടെന്നും പറഞ്ഞു. ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
നിലവിലെ ഹർജിയിലെ ആവശ്യങ്ങളിൽ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ അക്കാര്യം കേൾക്കാമെന്നും സുപ്രീം അറിയിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്തുള്ള അനുകമ്പയുണ്ടെന്ന് കോടതി അറിയിച്ചു.
ഹൈക്കോടതി പരാമർശങ്ങൾ നീക്കാനാണ് ശങ്കരദാസ് സുപ്രീംകോടതിയിൽ എത്തിയതെങ്കിലും വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. 2019ലെ ദേവസ്വം ബോർഡ് മെമ്പർമാരായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ഇരുവർക്കുമെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശങ്കരദാസ് സുപ്രീംകോടതിയിലെത്തിയത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ഇന്ന് നാലാമത്തെ ഇടക്കാല റിപ്പോർട്ട് ആണ് എസ്ഐടി ഹാജരാക്കുക.
എസ്പി ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിക്കുക. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്ത വിവരങ്ങളും അന്വേഷണസംഘം കോടതിക്ക് കൈമാറും.
ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ചിരുന്നു. അന്വേഷണം വൻ തോക്കുകളിലേക്ക് നീങ്ങാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം.
സിപിഎം നേതാവ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷമായിരുന്നു കോടതി വിമർശനം ഉന്നയിച്ചത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും എസ്ഐടി കോടതിയിൽ സമർപ്പിക്കും.
ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിൽ രണ്ടു സിഐമാരെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.
എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമായിരുന്നു എസ്ഐടി നല്കിയ പ്രത്യേക അപേക്ഷയിൽ പറഞ്ഞിരുന്നത്.
അതിനിടെ, കേസിൽ എ. പത്മകുമാറിന്റെയും ഗോവർധന്റെയും ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട് നൽകി. അന്തർ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവർധൻ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ.
ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി ഇന്ന് അപേക്ഷ നൽകിയേക്കും. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർധൻ എന്നിവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.
കേസിൽ കൂടുതൽ അറസ്റ്റുകള്‍ വൈകാതെയുണ്ടാകും. ശബരിമലയിൽനിന്നും കൊണ്ടുപോയ സ്വർണ പാളികള്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽവച്ച് സ്വർണം വേർതിരിച്ചതിന് ശേഷം ബെല്ലാരിയിലെ ഗോവർധന് വിറ്റുവെന്നാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ മുഴവൻ രേഖകളും കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്.
കേസിൽ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മൂൻകൂർ ജാമ്യം ആവശ്യപ്പെട്ട് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് നാളെ ഹർജി പരിഗണിക്കുക. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.
അതേസമയം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ ഇന്ന് എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായിയുടെ മൊഴി. സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നല്‍കിയത്. 500 കോടിയില്‍പരം രൂപയുടെ ഇടപാടാണ് സ്വര്‍ണപ്പാളി കടത്തില്‍ നടന്നതെന്നാണ് വ്യവസായി മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് രേഖാമൂലം കത്ത് നല്‍കുകയും നേരിട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു.
തന്നോട് വിദേശത്തുള്ള ഒരു വ്യവസായിയാണ് ഈ കാര്യം പറഞ്ഞതെന്നും 500 കോടി രൂപയുടെ ഇടപാട് നടന്നുവെന്നുമാണ് ചെന്നിത്തല എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നാണ് എസ്ഐടി വിദേശ വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴിയാണ് വ്യവസായിയും നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയാളാണ് വ്യവസായി. ഇദ്ദേഹം അതീവ രഹസ്യമായാണ് തിരുവനന്തപുരത്തെ എസ്ഐടിയുടെ ക്യാമ്പ് ഓഫീസിലെത്തി മൊഴി നല്‍കിയത്.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ വിദേശത്തേക്കു കടത്തി 500 കോടിയില്‍പ്പരം രൂപയുടെ ഇടപാട് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ഉണ്ടാക്കിയെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് തിരിച്ചടി. സുധീഷ് കുമാർ സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി.
റിമാന്‍ഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ജാമ്യ ഹര്‍ജി 18 ന് വിജിലൻസ് കോടതി പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റിവെച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേസിൽ അറസ്റ്റിലായവരുടെ എല്ലാം സാമ്പത്തിക സ്ഥിതി അന്വേഷിക്കണം. സ്വർണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ തുറന്ന സംവാദത്തിന് താൻ തയാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോഴെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്ഐടിക്കു മേൽ സമ്മർദ്ദം ചെലുത്തി.
ശബരിമലയിലെ സ്വർണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വർണത്തിന് തൂക്കത്തേക്കാൾ മൂല്യമുള്ളതാണ്. കേസിലെ എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. ദ്വാരപാലക ശിൽപക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 12ന് വിധി പറയും.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി.
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ.വാസുവിന്റെ റിമാൻഡ് 14 ദിസത്തേക്ക് കൂടി നീട്ടി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് പരാതി നൽകിയ രമേശ് ചെന്നിത്തലയുടെ മൊഴി ഉടൻ എടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ വീണ്ടും റിമാൻഡിൽ. ഈ മാസം 18 വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
ഡിസംബർ എട്ടിന് പത്മകുമാറിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ. പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ രണ്ടിന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്.
പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ എ പത്മകുമാറിനെ പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നതിന് എസ്ഐടിക്ക് തെളിവുകൾ ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക.
കട്ടിളപാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ. വാസുവിന്റെ ശിപാർശയിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ വാസു മൂന്നാം പ്രതിയാണ്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
2019ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ബോർഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം സാക്ഷിയാകുമെന്ന് എസ്ഐടി. കേസിൽ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്നും എസ്ഐടി അറിയിച്ചിട്ടുണ്ട്.
ജയറാം ഉൾപ്പെടെയുള്ള പ്രമുഖരെ ഉണ്ണികൃഷ്ണൻ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ അപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.